
അബുദാബി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. രാവിലെ പ്രാദേശിക സമയം 7.30ഓടെയാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിലെത്തിയത്. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ രാജ്യത്തെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
കര്‍ശനമായ ഉപാധികളോടെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിദേശ സഹായം സ്വീകരിക്കരുതെന്നും ഔദ്ദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറുമണിക്ക് വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിദേശ രാജ്യത്തു നിന്നു നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
നോര്‍ക്ക ഡയറക്ടര്‍ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ യുഎഇയില്‍ നിന്നുള്ള അംഗങ്ങളുടെ യോഗവും ഇന്ന് നടക്കും. 18,19,20 തിയതികളില്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തെ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധനസമാഹരണത്തിനായി യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.