
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശന വിസയില്‍ മാതാപിതാക്കളെ കൊണ്ട് വരുന്നതിനുള്ള പ്രായപരിധി നിബന്ധന എടുത്തുമാറ്റി. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാജിരിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.
രാജ്യത്ത് താമസാനുമതിയുള്ള വിദേശികള്‍ക്ക് അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള രക്ഷിതാക്കളെ സന്ദര്‍ശന വിസയില്‍ കൊണ്ട് വരുന്നതിനു നേരത്തെ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൗജന്യ ആരോഗ്യ സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വിസ നിഷേധിച്ചിരുന്നത്. എന്നാല്‍ വിദേശികളുടെ ചികിത്സാ സേവനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിസ നിയന്ത്രണം എടുത്തുമാറ്റാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായത്.
പുതിയ ഉത്തരവ് പ്രകാരം വിദേശികളുടെ മാതാപിതാക്കള്‍ക്ക് പ്രായ ഭേദമന്യേ ഒരു മാസത്തെ സന്ദര്‍ശന വിസ അനുവദിക്കും. അതേസമയം സിറിയ, പാകിസ്ഥാന്‍, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍ എന്നീ ആറു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിലവിലുള്ള വിസ നിരോധം തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.