Currency

2017 ല്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചത് 60,394 ഇന്ത്യക്കാര്‍ക്ക്

സ്വന്തം ലേഖകന്‍Monday, October 22, 2018 2:56 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിന് വിദേശികള്‍ക്ക് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിന് ആറു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ 2017 ല്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചത് 60,394 പേര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിച്ചിട്ടുള്ളതു കൊണ്ട് നിലവിലുള്ള നിയമപ്രകാരം വിദ്ഗധ ജോലിയില്‍ എത്തി ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്ക് അതു കിട്ടാന്‍ 25 മുതല്‍ 92 വര്‍ഷം വരെ വേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമിഗ്രേഷന്‍ പ്രശ്നങ്ങള്‍ കൈകാര്യം ചയ്യുന്നതിന് അമേരിക്കയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ രൂപം കൊടുത്ത ജി.സി. റിഫോംസ് ഡോട്ട് ഓര്‍ഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2018 ഏപ്രിലിലെ കണക്കനുസരിച്ച് 6,32,219 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ഗ്രീന്‍കാര്‍ഡില്‍ 23,569 എണ്ണം എച്ച് 1 ബി വിസയില്‍ എത്തി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ലഭിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ ഭാര്യ., മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ ഗണത്തില്‍ 20,549 പേര്‍ക്കും, സഹോദരങ്ങളുടെ കാറ്റഗറിയില്‍ 14,962 പേര്‍ക്കും ഗ്രീന്‍കാര്‍ഡ് ലഭിച്ചു. ഉയര്‍ന്ന സാങ്കിതക വൈദഗ്ധ്യവുമായി അമേരിക്കയിലേക്ക് എച്ച് 1 ബി വിസയില്‍ എത്തുന്നവരെയാണ് ഓരോ രാജ്യത്തിനുമുള്ള ക്വോട്ട ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത്. നിലവിലുള്ള ഏഴു ശതമാനം ക്വോട്ടയില്‍ മാറ്റം വന്നില്ലെങ്കില്‍ ഇന്ത്യക്കാരുടെ കാത്തിരിപ്പ് അനന്തമായി നീളുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ല്‍ 64,119 ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം ഇത് 64,687 ആയിരുന്നു. 2017 ല്‍ മൊത്തം 11,27,167 വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് അനുവദിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പറയുന്നു. മുന്‍ വര്‍ഷം ഇത് 11,83,505 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഗ്രീന്‍കാര്‍ഡ് ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x