
കുവൈത്ത്‌സിറ്റി: രാജ്യത്ത് അഞ്ചുവര്‍ഷത്തിനകം സര്‍ക്കാര്‍ പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് വ്യവസായ വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ ആവശ്യപ്പെട്ടു. നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളുടെ കൃത്യമായ കണക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സിവില്‍ സര്‍വീസ് കമ്മിഷന്‍ പദ്ധതി അനുസരിച്ചു വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും എത്രയും വേഗം 100 ശതമാനം സ്വദേശികളെ മാത്രം സര്‍ക്കാര്‍ പൊതുമേഖലയില്‍ നിയമിക്കുന്നതിനുമാണ് നിര്‍ദേശം.
അഡ്മിനിസ്‌ട്രേഷന്‍, മീഡിയ, ഐ.ടി., വികസനം, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ തൊഴിലുകളില്‍ 100 ശതമാനം സ്വദേശികളെ നിയമിക്കും. സയന്റിഫിക്, ഫിനാന്‍ഷ്യല്‍, ഇക്കോണമി, വാണിജ്യം തുടങ്ങിയ തസ്തികകളില്‍ 95 ശതമാനവും ക്രാഫ്റ്റ് വര്‍ക്കിന് 80 ശതമാനവും സ്വദേശികളെ നിയമിക്കും. ഇതുവഴി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സ്വകാര്യമേഖലയില്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇവരുടെ ശതമാനം ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ ലക്ഷമിടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.