
കുവൈത്ത് സിറ്റി: കുവൈത്ത് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് സബീഹ് ഇന്ത്യ സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള തൊഴിലാളി റിക്രൂട്ട്മന്റെിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്നത് സുതാര്യത ഉറപ്പാക്കുമെന്ന് ഹിന്ദ് സബീഹ് പറഞ്ഞു. കുവൈത്തിലെ കമ്പനികള്‍ ജോലി ഒഴിവ് സംബന്ധിച്ച് വിവരങ്ങള്‍ വെബില്‍ പ്രസിദ്ധീകരിക്കും.
പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഹിന്ദ് സബീഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധിസംഘം ന്യൂഡല്‍ഹിയിലേക്ക് തിരിച്ചത്. തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ അടുത്തയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിടുമെന്ന് ന്യൂഡല്‍ഹിയിലെ കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നജീം പറഞ്ഞു.
ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദര്‍ശത്തില്‍ ഉണ്ടാവുമെന്ന് ഹിന്ദ് സബീഹ് പറഞ്ഞു. എന്‍ജിനീയര്‍മാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം വി.കെ. സിങ് കുവൈത്ത് തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കുന്നത് കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗുണകരമാണെന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് സഹായകമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.