Currency

ജനജീവിതം താറുമാറാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ

സ്വന്തം ലേഖകന്‍Monday, October 29, 2018 11:27 am

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ തുടരുന്നു. റിയാദില്‍ ഇന്നലെ രാത്രി മുതല്‍ മഴക്ക് തുടക്കമായി. രാജ്യത്തൊട്ടാകെ ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളില്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീര്‍, ത്വാഇഫ് കിഴക്കന്‍ മേഖല തുടങ്ങി പല ഭാഗങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിയും കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി.

മക്ക, മദീന, ഹാഇല്‍, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളിലും അഞ്ച് ദിനം കൂടി മഴയുണ്ടാകും. മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും രണ്ട് ദിനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ ഗതി മാറാതിരുന്നാല്‍ പതിറ്റാണ്ടിനിടെയുള്ള കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തൊട്ടാകെ മലവെള്ളപ്പാച്ചിലില്‍ പെട്ട് നൂറിലേറെ പേരെ ഒരാഴ്ചക്കിടെ രക്ഷപ്പെടുത്തി.

വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘ ദൂര യാത്ര കഴിവതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x