Currency

സുഷമ സ്വരാജ് ഇന്ന് കുവൈത്തിലെത്തും

സ്വന്തം ലേഖകന്‍Tuesday, October 30, 2018 12:40 pm

കുവൈറ്റ് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് കുവൈത്തില്‍ എത്തും. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്, എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സുഷമ സ്വരാജ് കുവൈത്ത് ഭരണകൂടവുമായി ചര്‍ച്ച നടത്തും.

വിദേശകാര്യ മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് സുഷമ സ്വരാജ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. രണ്ട്ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി സബാഹ് അല്‍ ഖാലിദ്, തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍, കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദര്‍ശ്ശനത്തിലുണ്ടാവും.

ഇതിനുപുറമെ ആരോഗ്യ മന്ത്രാലയത്തില്‍ വിസയിലെത്തി, ജോലി ഇല്ലാതെ കഴിയുന്ന 79 ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രശ്‌നങ്ങളും സുഷമ സ്വരാജ് കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യും. ആദ്യ ദിവസം ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x