Currency

ഇന്ത്യ കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാര്‍ ഒപ്പിട്ടു

സ്വന്തം ലേഖകന്‍Thursday, November 1, 2018 3:35 pm

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാര്‍ഹികത്തൊഴില്‍ കരാര്‍ സംബന്ധിച്ചു ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമാണ് ഒപ്പുവച്ചത്.

ഇന്ത്യയില്‍നിന്നു കുവൈത്തിലേക്കു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു സുതാര്യവും തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതുമാണ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍. അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമായിരിക്കണം റിക്രൂട്‌മെന്റ് എന്നു ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. കുറഞ്ഞ വേതനം മൂന്നക്കത്തില്‍ കുറയാത്തത് ആകും. ഏപ്രിലില്‍ കുവൈത്തില്‍ നടന്ന ഇന്ത്യ-കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാര്‍ഹിക തൊഴില്‍ കരാറിനുള്ള കരടിന് അംഗീകാരം ആയത്.

കുവൈത്തിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി ചര്‍ച്ച നടത്തി. കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകളെ തുടര്‍ന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഇഖാമ പുതുക്കുന്നതിനും മറ്റും നേരിടുന്ന പ്രതിസന്ധി, ആരോഗ്യമന്ത്രാലയത്തിന്റെ വീസയില്‍ വന്നിട്ടും വര്‍ഷങ്ങളായി തൊഴിലും ശമ്പളവുമില്ലാതെ എണ്‍പതോളം നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതം എന്നിവ അവര്‍ അമീറിന്റെ ശ്രദ്ധയില്‍പെടുത്തി.

വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും വിപുലപ്പെടുത്തുന്നതും സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. മേഖലയിലും രാജ്യാന്തരതലത്തിലും ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഉഭയകക്ഷിതലത്തില്‍ അനുകൂലമായ സാഹചര്യങ്ങള്‍ മന്ത്രി സുഷമ സ്വരാജ് വിശദീകരിച്ചതായി ഇന്ത്യന്‍ വിദേശമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x