Currency

ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നം; ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹളം

സ്വന്തം ലേഖകന്‍Saturday, November 3, 2018 3:51 pm

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബഹളം. സ്ഥാനപതി കെ. ജീവ സാഗറിന്റെ നിലപാടില്‍ പ്രതിഷേധിച്ചു എഞ്ചിനീയര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി.

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പ് നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് വിഭാഗം മേധാവി നാഗേന്ദ്ര പ്രസാദിനെ തുടര്‍ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചാണ് സുഷമാ സ്വരാജ് മടങ്ങിയത്. ഇതുപ്രകാരം ഇന്ത്യന്‍ എംബസിയില്‍ നടന്ന യോഗമാണു ബഹളത്തില്‍ കലാശിച്ചത്.

രണ്ടു ഘട്ടങ്ങളിലായി നടന്ന യോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശ്ശമാണു എഞ്ചിനീയര്‍മ്മാരെ ചൊടിപ്പിച്ചത്. കുവൈത്ത് എഞ്ചിനീയര്‍ സൊസൈറ്റിയുടെ അറ്റസ്റ്റേഷന്‍ ലഭിക്കാത്ത എഞ്ചിനീയര്‍മ്മാര്‍ക്ക് ഒന്നുകില്‍ എഞ്ചിനീയര്‍ പദവി മാറ്റി മറ്റു പദവികളില്‍ ജോലി ചെയ്യുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ആണു മുന്നിലുള്ള വഴിയെന്നായിരുന്നു സ്ഥാനപതിയുടെ പരാമര്‍ശ്ശം.

ഇത് ചോദ്യം ചെയ്ത ഒരു എഞ്ചിനീയറെ യോഗത്തില്‍ നിന്നും പുറത്തു പോകാന്‍ സ്ഥാനപതി ആവശ്യപ്പെട്ടതോടെയാണു ബഹളം ആരംഭിച്ചത്. ഇതോടെ യോഗത്തില്‍ പങ്കെടുത്ത ആയിരത്തോളം എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും യോഗത്തില്‍ നിന്നും ഇറങ്ങി പോയി. പുറത്തെത്തിയ എഞ്ചിനീയര്‍മ്മാര്‍ സ്ഥാനപതിക്ക് എതിരെ മുദ്രാവാക്യം മുഴക്കി. യോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ നാമ മാത്രമായ എഞ്ചിനീയര്‍ മാത്രമേ പങ്കെടുത്തുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x