Currency

സ്വദേശിവത്കരണം: കുവൈത്തില്‍ വിവിധ മേഖലകളിലെ സ്വദേശി നിയമനങ്ങളുടെ തോത് നിശ്ചയിച്ചു

സ്വന്തം ലേഖകന്‍Tuesday, November 6, 2018 12:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടപ്പാക്കേണ്ട സ്വദേശി വല്‍ക്കരണത്തിന്റെ തോത് നിശ്ചയിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അടുത്ത അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കേണ്ട സ്വദേശി ജീവനക്കാരുടെ ശതമാനം സംബന്ധിച്ച ശതമാന കണക്കു പുറത്തു വിട്ടത്.

സിവില്‍ സര്‍വീസ് കമ്മീഷന്റെ പുതിയ തീരുമാനം അനുസരിച്ചു 2022 ആവുമ്പോഴേക്ക് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ എന്‍ജിനീയറിംഗ് തസ്തികകളിലും 97 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരിക്കണം. സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, കായികം എന്നീ വകുപ്പുകളിലും ജീവനക്കാരില്‍ 97 ശതമാനം സ്വദേശികള്‍ ആകണം. വിവര സങ്കേതിക വിഭാഗത്തിലെ നൂറ് ശതമാനം തസ്തികകളും ശാസ്ത്ര വകുപ്പിലെ 95 ശതമാനം തസ്തികകളും സ്വദേശികള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. കാര്‍ഷിക-മത്സ്യ വിഭവം (75 ശതമാനം), വാര്‍ത്താവിനിമയം, പബ്ലിക് റിലേഷന്‍, സെന്‍സസ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുമായി ബന്ധപ്പെട്ട തസ്തികകളില്‍ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കണം. ധനകാര്യം, വാണിജ്യം (98 ശതമാനം), നിയമം (88), സുരക്ഷാ വകുപ്പ് (98), പൊതുസേവനം (85) എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളില്‍ ഏര്‍പ്പെടുത്തേണ്ട സ്വദേശിവത്കരണത്തിന്റെ തോത്.

അതിനിടെ സ്വദേശി വല്‍ക്കരണ നടപടികളുടെ ഭാഗമായി മാന്‍പവര്‍ അതോറിറ്റി സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികളിലെ തൊഴിലാളികളുടെ എണ്ണവും അനുബന്ധ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. കരാര്‍ പ്രകാരം ഓരോ കമ്പനികളിലും തുടരാന്‍ അനുവാദമുള്ള തൊഴിലാളികള്‍ എത്ര, കരാര്‍ കഴിഞ്ഞ ശേഷവും തൊഴിലാളികളെ നിലനിര്‍ത്തുന്നുണ്ടോ, കമ്പനികളില്‍ അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x