
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കാറ്റോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
ചൊവാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തിര കാബിനറ്റ് യോഗമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൊവാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. കാര്യങ്ങള്‍ അവലോകനം ചെയ്തു.
കണ്ട്രോള്-ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗിന്റെ അധ്യക്ഷതയിരുന്നു യോഗം. മഴ ശക്തമായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് അദ്ദേഹം മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച ചെയ്തു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കണ്ട്രോള് റൂമുകള്‍ക്ക് ജനങ്ങളുടെ പരാതികള്‍ കൃത്യമായി സ്വീകരിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും ഇടിയോടെയുള്ള മഴക്കും ശക്തമായ കാത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ ഈസാ റമദാന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വിട്ടുനില്ക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.