Currency

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസവാര്‍ത്ത

സ്വന്തം ലേഖകന്‍Friday, November 23, 2018 1:46 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസം. രണ്ട് വര്‍ഷത്തിലേറെയായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്‌സുമാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറില്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഒപ്പുവെച്ചു.

രണ്ട് വര്‍ഷം മുമ്പ് ആരോഗ്യമന്ത്രാലയ വിസയില്‍ എത്തിയ നഴ്‌സുമാരാണ് ജോലിയില്‍ കയറാനാകാതെ കുവൈറ്റില്‍ കുടുങ്ങിയത്. റിക്രൂട്ട്‌മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താത്തതിന്റെയും ഭാഗമായാണ് ഇവരുടെ നിയമനം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ റദ്ദ് ചെയ്തത്.

കുവൈത്തിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇവരുടെ പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടായത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതില്‍ ഏറെ ആശ്വാസത്തിലാണ് നഴ്സുമാര്‍.

കുടുംബ വിസയില്‍ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ പടിയെന്നോണം ഇവരുടെ താമസ രേഖ പുതുക്കുന്നതിന് ഭാഗമായി ആരോഗ്യക്ഷമത പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x