
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്‍ഷുറന്‍സ് സേവന കേന്ദ്രത്തിലെ തിരക്കിന് പരിഹാരമായതായി ആരോഗ്യമന്ത്രാലയം. അടുത്ത ആഴ്ച മുതല്‍ ഇടപാടുകാര്‍ക്ക് കാത്തിരിപ്പില്ലാതെ ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റന്‍ഡ് സെക്രട്ടറി മുഹമ്മദ് അല്‍ സുബൈ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ ജാബിറിയയിലെ ഇന്‍ഷുറന്‍സ് സേവനകേന്ദ്രത്തില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കുന്നത് കെനെറ്റ് വഴിയാക്കിയതു മൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതായിരുന്നു കാരണം. പുലര്‍ച്ചെ മുതല്‍ വരി നിന്നിട്ടും ഇന്‍ഷുറന്‍സ് അടക്കാന്‍ സാധിക്കാതെ ആളുകള്‍ മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു.
പ്രളയത്തെ തുടര്‍ന്നുള്ള അപ്രതീക്ഷിത അവധികള്‍ കൂടിയായതോടെ ആള്‍ത്തിരക്ക് പാരമ്യതയിലെത്തി. എന്നാല്‍ കൂടുതല്‍ കാര്‍ഡ് സൈ്വപ്പിംഗ് മെഷീനുകള്‍ സജ്ജീകരിച്ചും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുമാണ് അധികൃതര്‍ പ്രശനം പരിഹരിച്ചത്.
സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം 12 മണിക്കൂര്‍ ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ കാലത്ത് 7.30 മുതല്‍ വൈകീട്ട് 7 വരെയാണ് സേവനകേന്ദ്രം പ്രവര്‍ത്തിക്കുക. ആരോഗ്യമന്ത്രാലയവും കരാര്‍ കമ്പനിയായ പബ്ലിക് സര്‍വീസ് കമ്പനി പ്രതിനിധികളും തമ്മില്‍ നടന്ന യോഗത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.