
അബുദാബി: കുടുംബ ഫോട്ടകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കുടുംബ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം, ഇതുവഴി വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വഴി കുറ്റകൃത്യങ്ങളിലൂടെ പണം അപഹരിച്ച നിരവധി കേസുകള്‍ അബുദബി പൊലീസിന്റെ സൈബര്‍ കുറ്റകൃത്യ നിയന്ത്രണ വകുപ്പിലെത്തിയിട്ടുണ്ട്. പല സംഭവങ്ങളിലും തട്ടിപ്പുകാര്‍ ഫോട്ടോകള്‍, വീഡിയോകള്‍, സ്വകാര്യ സംഭാഷണങ്ങള്‍ എന്നിവ ചോര്‍ത്തി അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിന് ക്യാംപയിന്‍ നടത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.
ഇന്റര്‍നെറ്റ് വഴി നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്തുന്നത് ശ്രമകരമാണണ്. അതുകൊണ്ട് അവരുടെ കെണിയിലകപ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയച്ച് നടത്തുന്ന തട്ടിപ്പില്‍ സമൂഹ മാധ്യമത്തിലെ തുടക്കക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ കുടുങ്ങുന്നുണ്ടെന്ന് കുറ്റാന്വേഷണ ഡയറക്ടര്‍ കേണല്‍ ഒംറാന്‍ അഹ്മദ് ആല്‍ മസ്‌റൂഇ പറഞ്ഞു.
തട്ടിപ്പുകാരുടെ കൈകളില്‍ വീഴാതിരിക്കാന്‍ വ്യക്തിപരമായതും കുടുംബപരമായതുമായ വീഡിയോകളും ഫേട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം. സംശയകരമായ ലിങ്കുകള്‍ തുറക്കരുത്. തട്ടിപ്പുകള്‍ക്കെതിരെ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും ഒംറാന്‍ അഹ്മദ് ആല്‍ മസ്‌റൂഇ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.