
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇ- മൈഗ്രേറ്റ് രജിസ്ട്രേഷന് ഏര്‍പ്പെടുത്തി. പുതിയതായി തൊഴില്‍ വിസയില്‍ പോകുന്നവര്‍ മാത്രമല്ല, നിലവില്‍ ഈ രാജ്യങ്ങളില്‍ തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവരും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അതേസമയം സന്ദര്‍ശക, ബിസിനസ്, തീര്‍ഥാടക വിസകളില്‍ പോകുന്നവരും, ഫാമിലി വിസയില്‍ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ഏതെല്ലാം രാജ്യങ്ങളിലേക്ക് പോകുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം?
ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍, തായ്ലന്ഡ്, യെമന്‍, ലിബിയ, ഇന്തൊനേഷ്യ, സുഡാന്, അഫ്ഗാനിസ്ഥാന്, സൗത്ത് സുഡാന്, ലബനന്, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് രജിസ്ട്രേഷന് ആവശ്യം.
ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന് എങ്ങനെ? രജിസ്ട്രേഷന് എന്നു വരെ ചെയ്യാം? ചെയ്യേണ്ട വിധം
യാത്രയ്ക്ക് 21 ദിവസം മുമ്പ് മുതല്‍ തലേന്നു വരെ രജിസ്റ്റര്‍ ചെയ്യാം. പാസ്പോര്‍ട്ട് ഉടമ തന്നെയാണ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചേ രജിസ്ട്രേഷന് സാധ്യമാകൂ. https://emigrate.gov.in/ എന്ന വെബ്സൈറ്റില്‍ ഇ.സി.എന്‍.ആര് രജിസ്ട്രേഷന് രജിസ്റ്റര്‍ ചെയ്യുന്നയാളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ഈ നമ്പറിലേക്ക് ഒ.ടി.പി മെസേജ് ലഭിക്കും.
പാസ്പോര്‍ട്ട് നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, ജോലിചെയ്യുന്ന രാജ്യം, പ്രഫഷന്, വിസ തുടങ്ങി നാട്ടിലും വിദേശത്തും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
വിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച നമ്പറിലേക്ക് സ്ഥിരീകരണ സന്ദേശമെത്തും. റിക്രൂട്ടിങ് ഏജന്‍സി വഴി പുതിയ തൊഴില്‍ വിസയില്‍ പോകുന്നവര്‍ ഏജന്റിന്റെ വിശദാംശങ്ങള്‍ നല്‍കണം. തൊഴില്‍ സ്ഥാപനം മാറിയാല്‍ പുതിയ രജിസ്ട്രേഷന് ആവശ്യമായി വരും. അതേസമയം വിസ പുതുക്കുമ്പോള്‍ രജിസ്ട്രേഷന് പുതുക്കേണ്ട.
ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് ലഭിക്കുന്ന എസ്എംഎസ്, ഇ-മെയില്‍ സന്ദേശങ്ങള്‍ ജനുവരി 1 മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കാണിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ഇ.സി.എന്‍.ആര് വിഭാഗത്തിലേക്കു മാറിയവരും ഇത്തരത്തില്‍ ഇ- മൈഗ്രേറ്റ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. മുമ്പ് ഇ.സി.ആര് പാസ്പോര്ട്ടായിരുന്നവര് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു താമസിച്ചാലോ, നാട്ടില്‍ ആദായനികുതി അടയ്ക്കുന്നുണ്ടെങ്കിലോ ഇ.സി.എന്‍.ആര് വിഭാഗത്തിലേക്കു മാറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ ടോള്‍ഫ്രീ നമ്പറിലോ(1800113090) helpline@mea.gov.in എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.