
റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച് സന്തോഷവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രി. ഇളവുകള്‍ ആവശ്യപ്പെട്ട് രാജാവിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ചെറിയ മാറ്റം പോലും ഗുണകരമാകും എന്നതിനാല്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.
സൗദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താഴിട്ടു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്പളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു. ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍.
ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞത്.
ആശ്രിത ലെവി (കുടുംബത്തിനുള്ള ലെവി)യില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാര്‍ജ് മാത്രം നിലനിര്‍ത്താനോ അല്ലെങ്കില്‍ വര്‍ഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.