
അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചു.
യുഎഇ പാസ്പോര്‍ട്ടിന്റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. വീസ ഫ്രീ സ്കോര്‍ 166 ഉള്ള സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍ക്കാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് പട്ടികയില്‍ രണ്ടാം സ്ഥാനം. 165 വീസ ഫ്രീ സ്കോര്‍ ഉള്ള ഡെന്മാര്ക്ക്, സ്വീഡന്, ഫ്രാന്‍സ്, ഇറ്റലി, യുഎസ്, ദക്ഷിണ കൊറിയ, തുടങ്ങി 11 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ക്ക് മൂന്നാം സ്ഥാനവും ഉണ്ട്.
പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ ഇന്ത്യ 66ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 25 രാജ്യങ്ങള്‍ മാത്രമാണ് വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 29 വിസഫ്രീ സ്കോര്‍ മാത്രമാണ് അഫ്ഗാന് നേടിയത്. വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടോണ്‍ ക്യാപ്പിറ്റല്‍സാണ് ഗ്ലോബല്‍ റാങ്കിംഗ് പാസ്പോര്‍ട്ട് ഇന്‍ഡക്സ് തയറാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.