
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 100 ദിനാര്‍ പിഴ ഈടാക്കും. വാഹനങ്ങള്‍ മുനിസിപ്പാലിറ്റി ഗരേജിലേക്ക് നീക്കുമെന്നും മുനിസിപ്പാലിറ്റിയിലെ പൊതു ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍ ജമാല്‍ അല്‍ ഫാദില്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് മുന്‍പായി ഉടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കും. വാഹനത്തില്‍ സ്റ്റിക്കര്‍ പതിക്കും. 78 മണിക്കൂര്‍ കഴിഞ്ഞും ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ വാഹനം മുനിസിപ്പല്‍ ഗരേജിലേക്ക് മാറ്റുകയും വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. വാഹനങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം ഉടമസ്ഥന് ഹാജരാകണം. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറും. 100 ദിനാര്‍ പിഴയ്ക്ക് പുറമെ വാഹനങ്ങള്‍ ഗരേജിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോയതിനുള്ള ചെലവും നല്‍കണം.
സലൂണ്‍ കാറിന് 30 ദിനാറും ഹാഫ് ലോറിക്ക് 40 ദിനാറും ഹെവി വെഹിക്കിളിന് 100 ദിനാറുമാണ് കെട്ടിവലിച്ച് കൊണ്ടുപോയതിനുള്ള കൂലി. വാഹനം ഗരേജില്‍ സൂക്ഷിച്ചതിന് പാര്‍ക്കിങ് ഫീസ് ആയി ഒരുദിവസത്തേക്ക് ഒരു ദിനാര്‍ വീതം ഈടാക്കും. വാഹനം മൂന്ന് മാസത്തിനുശേഷവും ഗരേജില്‍ കിടക്കുകയാണെങ്കില്‍ ലേലത്തില്‍ വെക്കാനും മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.