
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാതാപിതാക്കള്‍ക്കുള്ള സന്ദര്‍ശന വിസ കാലാവധി മൂന്ന് മാസമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. താമസകാര്യ ഓഫിസുകളില്‍ വിസ പുതുക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതാണ് മാതാപിതാക്കളുടെ വിസ കാലാവധി നീട്ടാനുള്ള കാരണമായി പറയുന്നത്.
പാസ്‌പോര്‍ട്ട്- പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അടുത്തിടെയായി എല്ലാതരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. അതിന്ശേഷം രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈത്തില്‍ നിര്‍ത്താം എന്ന നിലയില്‍ ഇളവ് നല്‍കി. ഇപ്പോള്‍ മാതാപിതാക്കളെയും ഈ പരിധിയില്‍ പെടുത്തിയിരിക്കുകയാണ്.
കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കള്‍ എന്നിവരെ കൊണ്ടുവരുന്നതിനുള്ള കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തിയതെങ്കില്‍ വിസ കാലാവധി നീട്ടാന്‍ എത്തുന്നവരുടെ തിരക്ക് കൂടിയതാണ് പുതിയ ഉത്തരവിന് കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്. അതേസമയം കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസയുടെ കാലപരിധി ഒരുമാസം തന്നെയായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.