
കുവൈത്ത് സിറ്റി: വിദേശത്തേക്ക് പണം അയക്കുന്നവരുടെ വിവരങ്ങളും വരുമാന സ്രോതസുകളും നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക തട്ടിപ്പുകളും തീവ്രവാദികള്‍ക്ക് പണമെത്തുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മുഴുവന്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ അയച്ചു.
സെന്‍ട്രല്‍ ബാങ്ക് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കയച്ച സര്‍ക്കുലര്‍ അനുസരിച്ച് പണമയക്കുന്നവരുടെ കൃത്യമായ വ്യക്തി വിവരങ്ങള്‍ കമ്പനി ശേഖരിക്കുകയും പണത്തിന്റെ സ്രോതസ് തേടുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും വേണം. വലിയ തുക അയക്കുമ്പോള്‍ പ്രത്യേക നിരീക്ഷണം ഉണ്ടാവണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില എക്‌സ്‌ചേഞ്ചുകളില്‍ പരിശോധന നടത്തിയിരുന്നു. മാര്‍ഗ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയും ഇടപാടുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാതെയും പലയിടത്തും പണമയച്ചതായി കണ്ടെത്തി.
തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനങ്ങളുടെ ഭാഗമായാണ് കുവൈത്തും നടപടികള്‍ ശക്തിപ്പെടുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.