Currency

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചുനല്‍കും

സ്വന്തം ലേകന്‍Sunday, December 23, 2018 12:12 pm

റിയാദ്: സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. ഇതിനായി ചെറിയ, ഇടത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ‘മുന്‍ശആത്ത്’ വഴിയാണ് സംഖ്യ തിരിച്ചുകിട്ടാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചുനല്‍കാനാണ് മന്ത്രാലയ സമിതി തീരുമാനിച്ചത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ആശ്രിത ലെവി തിരിച്ചു ലഭിക്കില്ല. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുക, ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനവും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക എന്നതാണ് ഈ ആനുകൂല്യത്തിലൂടെ ‘മുന്‍ശആത്ത്’ ലക്ഷ്യമാക്കുന്നത്.

സി.ആര്‍ തുറക്കുന്നതിന് ചെലവായ ഫീസ്, ചേമ്പര്‍ റജിസ്‌ട്രേഷന്‍ ഫീസ്, സൗദി പോസ്റ്റില്‍ ഡോര്‍ ഡെലിവറിക്കുള്ള ‘വാസില്‍’ അംഗത്വ ഫീസ്, ബലദിയ ലൈസന്‍സ് ഫീസ്, ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍, സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ലൈസന്‍സ്, എസ്റ്റാബ്‌ളിഷ്‌മെന്റിനെ കമ്പനിയാക്കാന്‍ ചെലവായ ഫീസ്, സ്ഥാപന കോണ്‍ട്രാക്ട് പബ്‌ളിഷിങ്ങ് ഫീസ് തുടങ്ങിയവയാണ് ലെവിക്ക് പുറമെ തിരിച്ചു നല്‍കുക. ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനല്‍കും. വിശദാംശങ്ങള്‍ https://esterdad.monshaat.gov.sa/Home/FQ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ഥാപന ഉടമ സ്വദേശിയായിരിക്കുക, മൂന്ന് വര്‍ഷത്തിനകം സ്ഥാപിച്ചതായിരിക്കുക. 2016 ജൂണ്‍ ഒന്നിന് മുമ്പ് ഓപറേഷന്‍ ആരംഭിക്കാതിരിക്കുക, 60 ശതമാനത്തിലധികം ഓഹരികള്‍ പുറത്ത് നല്‍കാതിരിക്കുക എന്നിവയും ഫീസുകള്‍ തിരിച്ചുകിട്ടാനുള്ള നിബന്ധനയാണ്. ഏഴ് ബില്യന്‍ റിയാലാണ് ഇത്തരത്തിലുള്ള ഫീസ് തിരിച്ചു നല്‍കുന്നതിന് അനുവദിച്ചിട്ടുള്ളത്. 2021 വരെ തിരിച്ചു നല്‍കല്‍ തുടരും. അതിന് മുമ്പായി ഫണ്ട് അവസാനിച്ചാല്‍ നിര്‍ത്തി വെക്കുമെന്നും ‘മുന്‍ശആത്ത്’ വ്യക്തമാക്കി.

നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത അപേക്ഷകള്‍ തള്ളപ്പെടും. എന്നാല്‍ തള്ളപ്പെട്ട അപേക്ഷകള്‍ 30 ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ച വീണ്ടും സമര്‍പ്പിക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x