Currency

ജാബിര്‍ പാലത്തിന്റെ കരഭാഗം ഗതാഗതത്തിന് തുറന്നു

സ്വന്തം ലേഖകന്‍Tuesday, January 1, 2019 12:37 pm

കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് കോസ്‌വേയുടെ കരഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. 4.7 കിലോമീറ്റര്‍ വരുന്ന ദോഹ ലിങ്ക് ഭാഗമാണ് തുറന്നത്. 165.7 ദശലക്ഷം ദീനാറാണ് ദോഹ ലിങ്കിന്റെ നിര്‍മാണ ചെലവ്. അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ആക്ടിങ് പ്രോജക്ട് ഡയറക്ടര്‍ സുഹ അഷ്‌കലാനി പറഞ്ഞു. പാലം ഫെബ്രുവരിയില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മാണപ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഗസാലി എക്‌സ്പ്രസ് വേയിലെ സിഗ്‌നല്‍ പോയന്റില്‍നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസിര്‍ റോഡിന് അനുബന്ധമായി സുബ്ബിയ സില്‍ക്ക് സിറ്റിയിലേക്ക് നീളുന്ന പാലത്തിന് 36 കിലോ മീറ്റര്‍ ആണ് നീളം. കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന പാലത്തിന്റെ 12 കിലോമീറ്റര്‍ ഭാഗം കടലിന് മുകളിലൂടെയാണ്.

അഞ്ചു വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കടല്‍പാലങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്ന ജാബിര്‍ പാലത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x