Currency

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കരുത്: മുന്നറിയിപ്പുമായി വീണ്ടും യുഎഇ

സ്വന്തം ലേഖകന്‍Thursday, January 10, 2019 2:43 pm

അബുദാബി: തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് വീണ്ടും ഓര്‍മപ്പെടുത്തി യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണ്. നിയമം ലംഘിച്ച് ആരെങ്കിലും തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ.

വീസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി മാത്രം പാസ്‌പോര്‍ട്ട് കമ്പനിക്ക് കൈമാറാം. പാസ്‌പോര്‍ട്ട് എമിഗ്രേഷനില്‍ സമര്‍പ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികള്‍ക്ക് തിരിച്ചുനല്‍കണം. പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴില്‍ നിയമത്തിലും വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ വ്യക്തിക്ക് അധികാരമുണ്ട്. വേഗത്തില്‍ പരിഹരിക്കുന്ന കേസായി (അര്‍ജന്റ് കേസ്) ഫയല്‍ ചെയ്യാം.

പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചയാളില്‍നിന്നും ഈടാക്കും. പൊലീസാണ് കമ്പനിയില്‍നിന്ന് പാസ്‌പോര്‍ട്ട് വാങ്ങിനല്‍കുക. പാസ്‌പോര്‍ട്ട് പണയം വയ്ക്കലും നിയമവിരുദ്ധമാണ്. സാമ്പത്തിക ഇടപാടിന് ഈടായി പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വാങ്ങിവയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്നും നിയമവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അതേസമയം നിയമനടപടി നേരിടുന്നവരുടെ കേസ് പൂര്‍ത്തിയാകുന്നതുവരെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x