Currency

സൗദി തൊഴില്‍ നിയമം ഭേദഗതി ചെയ്തു; വിദേശ തൊഴിലാളികളുടെ പാസ്പ്പോര്‍ട്ട് തടയല്‍ നിയലംഘനമാക്കി

സ്വന്തം ലേഖകന്‍Monday, January 14, 2019 1:10 pm

റിയാദ്: വിദേശ തൊഴിലാളികളുടെ പാസ്പ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്നത് നിയമലംഘനമാക്കി സൗദി തൊഴില്‍ നിയമം ഭേദഗതി ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് പ്രാധാന്യം നല്‍കിയാണ് നിയമഭേദഗതി.

വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, താമസാനുമതി രേഖയായ ഇഖാമ, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ തടഞ്ഞുവെക്കാന്‍ തൊഴിലുടമക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയാണ് സൗദി തൊഴില്‍ നിയമം ഭേദഗതി ചെയ്തത്. ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നതിനുളള അവകാശം തൊഴിലാളികള്‍ക്കാണ്. തൊഴില്‍ ഉടമകള്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന നിരവധി സംഭവങ്ങള്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍.

ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം സര്‍ക്കുലറിലൂടെ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. അതേസമയം, തൊഴിലാളികള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ 15 ദിവസം തുടര്‍ച്ചയായോ, 30 ദിവസം ഇടവിട്ടോ ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ സേവനാനന്തര ആനുകൂല്യം ഇല്ലാതെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.

സഹപ്രവര്‍ത്തകരെ അക്രമിക്കുക, തൊഴിലുടമ, മേലുദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന തൊഴിലാളികളെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x