Currency

ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട് സൗദിയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

സ്വന്തം ലേഖകന്‍Tuesday, January 15, 2019 3:31 pm

റിയാദ്: സൗദിയില്‍ ഇഖാമ പുതുക്കാനുള്ള ഫീസ് കുറച്ചതായി വാട്ട്‌സ്അപ്പുകളില്‍ വ്യാപക പ്രചാരണം. ലെവിയും അനുബന്ധ ചിലവുകളുമടക്കം എണ്ണായിരം റിയാലിന് പുതുക്കി ലഭിക്കുമെന്നാണ് പ്രചാരണം. എന്നാല്‍ ഇത് സംബന്ധിച്ച ഒരു പ്രഖ്യാപനവും മന്ത്രാലയം ഇത് വരെ നടത്തിയിട്ടില്ല.

വാട്ട്‌സ് അപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത് രണ്ട് കാര്യങ്ങളാണ്. 8000 റിയാലിന് രണ്ട് വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്ന പുതിയ നിയമം പ്രാബല്ല്യത്തിലായെന്ന് ഒന്നാമത്തേത്. ലെവിയും അനുബന്ധ ചിലവുകളുമടക്കം ഇഖാമക്ക് ഒരു വര്‍ഷത്തേക്ക് 4000 റിയാല്‍ മതിയെന്നുമാണ് മറ്റൊരു പ്രചരണം. വിവിധ ഗ്രൂപ്പുകളില്‍ രാവിലെ മുതല്‍ പ്രചരിച്ച വാര്‍ത്തകള്‍ സൗദിക്ക് പുറത്തുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കി.

മലയാളികള്‍ക്കിടയിലാണ് വന്‍തോതില്‍ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു പ്രഖ്യാപനവും സൗദി ഭരണകൂടമോ മന്ത്രാലയങ്ങളോ നടത്തിയിട്ടില്ല. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൂന്ന് തൊഴിലാളികളോ അതില്‍ താഴയോ ഉള്ള മുഅസ്സസ ഫര്‍ദി വിഭാഗത്തിന് ലെവി അടക്കേണ്ടതില്ലെന്ന ചട്ടം നേരത്തെ നിലവിലുണ്ട്. പുതിയ തൊഴില്‍ വിസ ലഭിക്കുന്നയാള്‍ക്ക് വിസ സ്റ്റാമ്പ് ചെയ്യാന്‍ രണ്ട് വര്‍ഷം വരെ കാലാവധിയും മന്ത്രാലയം നീട്ടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x