Currency

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വേനലവധി ജൂലൈ മുതല്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Tuesday, January 22, 2019 1:42 pm

റിയാദ്: സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു. ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് വേനലവധി. പുതിയ അധ്യായന വര്‍ഷം സെപ്തംബര്‍ ഒന്നിന് തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധിയാണ് ജൂലൈ ഏഴിന് ആരംഭിക്കുന്നത്. സി.ബി.എസ്.ഇ അംഗീകാരമുളള രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വേനലവധി.

അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശ്രിത ലെവി നിലവില്‍ വന്നതോടെ ഇടത്തരം വരുമാനക്കാരായവര്‍ക്ക് ചിലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 20 മുതല്‍ 30 ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോയിരുന്നു.

ഈ അധ്യായന വര്‍ഷം കഴിയുന്നതോടെ 30 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും മാതൃരാജ്യങ്ങളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. പല സ്‌കൂളുകളും ടിസി വാങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x