
അബൂദബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ചരിത്രം കുറിച്ച അബൂദബിയിലെ സമൂഹ കുര്‍ബാനയില്‍ മലയാളത്തിന്റെ അഭിമാനമായി കോട്ടയം സ്വദേശി അഞ്ജു തോമസ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേര് പങ്കെടുത്ത ദിവ്യബലിയില്‍ പല ഭാഷകളില്‍ പ്രാര്‍ഥന ഉയര്‍ന്നപ്പോള്‍ മലയാളത്തില്‍ അത് നിര്‍വഹിച്ചത് അഞ്ജുവായിരുന്നു.
ആറ് ഭാഷകളില്‍ വിശ്വാസിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ മുഴങ്ങിയപ്പോള്‍ മലയാളത്തില്‍ ആ ദൗത്യം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അബൂദബി യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനി അഞ്ജു തോമസായിരുന്നു. രണ്ടു തവണ റിഹേഴ്സലും പരിശീലനവും നടത്തിയാണ് പ്രൗഢമായ വേദിയിലേക്ക് അവസരമൊരുങ്ങിയത്.
മലയാളത്തിന് പുറമെ കൊറിയന്‍, ഫ്രഞ്ച്, തഗലോഗ്, ഉറുദു എന്നീ ഭാഷകളിലും പ്രാര്ഥനകളുണ്ടായിരുന്നു. കോട്ടയം ഇരവുചിറ സ്വദേശി തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. എഞ്ചിനീയറിങ് വിദ്യാര്‍ഥിനി അതുല്യ തോമസാണ് സഹോദരി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.