
ഓസ്ട്രേലിയ: കനത്ത ചൂട് തുടങ്ങിയിട്ട് ഓസ്ട്രേലിയയില്‍ രണ്ട് ആഴ്ച പോലുമായിട്ടില്ല. ഒരു മാസത്തിനിടയില്‍ രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികള്‍ ലംഘിച്ചു. രാജ്യം കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ. ദക്ഷിണ ഓസ്ട്രേലിയയുടെ ഭാഗമായ പോസ്റ്റ് അഗസ്റ്റയില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു രണ്ട് ആഴച മുന്‍പത്തെ താപനില.
രണ്ടാഴ്ച മുന്‍പ് സൂര്യാഘാതം ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ സ്വന്തമായുണ്ടാക്കിയ വീടും സ്വത്തുക്കളും ഉപേക്ഷിച്ച്, മുക്കാല്‍ ഭാഗവും വെള്ളം കയറിയ വീടുകളില്‍ നിന്ന് ജീവന് രക്ഷിക്കാന്‍ പരക്കം പായുകയാണ്. എന്നാല്‍ പുറത്തിറങ്ങിയാലോ, അവിടെ അവര്‍ക്ക് കുത്തൊഴുക്കില്‍ നീന്തി വരുന്ന ചെറിയ വിഷപാമ്പുകള്‍ മുതല്‍ ഭീമന് മുതലകളുടെ വരെ ആക്രമണമേല്‍ക്കാം.
രണ്ടാഴ്ച മുന്‍പാണ് അമിതമായ ചൂടും വരള്‍ച്ചയും മൂലം ജലജീവികളും ആല്‍ഗകളും ചത്ത് പൊങ്ങിയതിനെ കുറിച്ച് വാര്‍ത്ത വന്നത്. ഇപ്പോള്‍ വഴി നിറയെ വെള്ളമായതോടെ അപകടകാരികളായ ജലജീവികള്‍ നിരത്തുകളിലാകെ വിഹരിക്കുകയാണ്. മുതലകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കുന്നത്. ചൂടുമൂലം ബീച്ചുകള്‍ ചുട്ടുപൊള്ളിയിരുന്നെന്ന് റിപ്പോര്‍ട്ട് വന്നിരുന്ന അതെ രാജ്യത്താണ് ആളുകള്‍ വീടുകളിലും മറ്റ് ക്യാമ്പുകളിലും തണുത്ത് വിറച്ച് കഴിഞ്ഞു കൂടുന്നത്. ഒരു മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകളിലായിരുന്ന രാജ്യം ഇപ്പോള്‍ കനത്ത മഴകാരണം ഡാമുകള്‍ തുറന്നു വിടേണ്ട അവസ്ഥയിലാണ്. മര്‍ദ്ദം സഹിക്കാതെ റോസ് റിവര്‍ ഡാം ഷട്ടറുകള്‍ തുറന്നു വിട്ടതോടെ അതിശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. സെക്കന്റില്‍ 1900 ക്യുബിക് മീറ്റര്‍ ജലമാണ് ഷട്ടറില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്.
ഞായര്‍ മുതല്‍ തിങ്കള്‍ വരെ അമിത വേഗതയിലുള്ള ഈ ഒഴുക്ക് അതേപടി തുടരുകയായിരുന്നുവെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടകരമായ നിലയില്‍ പെട്ടെന്ന് ഇങ്ങനെ കാലാവസ്ഥ വ്യതിയാനമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പഠിച്ചു വരികയാണ്. ഇത് ആദ്യമായല്ല അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഓസ്ട്രേലിയയിലുണ്ടാകുന്നത്. എന്നാല്‍ അജ്ഞാത താപതരംഗം ഓസ്ട്രേലിയയെ ആകെ മൂടിയതുകൊണ്ടാണ് ഇത്തവണ താപനില 50 ഡിഗ്രിയോളം ഉയര്‍ന്നതെന്നായിരുന്നു വിദഗ്ദര്‍ മനസിലാക്കിയത്.
ആഗോളതതപനത്തിന്റെ ഫലമായാണ് ഈ അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനമെന്നും ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി പുറന്തള്ളപ്പെടുന്നതാണ് ഇതിനെല്ലാം കാരണം എന്നുമാണ് ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍. താപതരംഗവും പെട്ടെന്നുണ്ടായ കനത്ത മഴയും ഓരോ മേഖലയിലും ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും മറ്റ് മുന്നറിയിപ്പുകളും ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി ഊര്‍ജ വിഭാഗം ഔദ്യോഗിക വെബ്സൈറ്റില്‍ പട്ടികപ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.environment.gov.au/climate-change/climate-science-data/climate-science/impacts
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.