Currency

ട്രാവല്‍ ഏജന്‍സികള്‍ വ്യത്യസ്ത വിമാനടിക്കറ്റ് നിരക്ക് നല്‍കരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, February 10, 2019 9:46 am

കുവൈത്ത് സിറ്റി: വിമാന കമ്പനികള്‍ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തരുതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് വ്യോമയാന ഡയറക്ടറേറ്റ് മുന്നറിയിപ്പ്. വിമാന കമ്പനികള്‍ നിശ്ചയിച്ച നിരക്ക് മാത്രമേ പരസ്യപ്പെടുത്താവൂ. വിമാന കമ്പനികള്‍ നിശ്ചയിച്ച ഉപാധികളും ബാധകമായിരിക്കണം. കമ്പനി നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് മാത്രമായിരിക്കണം ട്രാവല്‍ ഏജന്‍സികളും ടൂറിസം കമ്പനികളും ടിക്കറ്റുകള്‍ വില്‍ക്കേണ്ടത്.

നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാവല്‍ ഏജന്‍സികളുടെ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പന നിരീക്ഷണവിധേയമാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുകയും വിമാന കമ്പനികള്‍ക്കും മറ്റും നഷ്ടം സംഭവിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അത് സംബന്ധിച്ച് വ്യോമയാന വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുവൈത്ത് എയര്‍വെയ്‌സ്, അയാട്ട ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന അധികൃതര്‍ നിരീക്ഷണത്തിന് നീക്കം ആരംഭിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x