
കുവൈത്ത് സിറ്റി: ദേശീയ വിമോചന ദിനം ആഘോഷിക്കാനൊരുങ്ങി കുവൈത്ത്. ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ വീടുകള്‍ ദേശീയ പതാക കൊണ്ട് അലങ്കരിച്ചും വര്‍ണവെളിച്ചം തെളിച്ചും മനോഹരമാക്കുന്നതിന്റെ തിരക്കിലാണ് കുവൈത്ത് സ്വദേശികള്‍. വീടിനോളം ഉയരമുള്ള കൂറ്റന്‍ പതാകകള്‍ പലയിടത്തും തൂക്കിയിട്ടുണ്ട്. ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികള്‍ ദേശീയ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. ഈ മാസം 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുന്നത് .
നിരത്തുകളിലോടുന്ന വാഹനങ്ങള്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും വിദേശികളും സ്വദേശികളും വാഹനങ്ങളില്‍ കുവൈത്ത് പതാകയണിയിച്ചും വ്യാപാര സ്ഥാപനങ്ങളിലും അലങ്കരിച്ചുമാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. കുവൈത്തി പതാകകള്‍ അലങ്കരിച്ചതിന് പുറമെ ആകര്‍ഷകമായ ഓഫറുകളും സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഹനറാലികളും കലാപരിപാടികളുമെല്ലാമായി വരും ദിവസങ്ങള്‍ കുവൈത്തിന്റൈ തെരുവുകളും പൊതുഇടങ്ങളും ആഘോഷത്തിമിര്‍പ്പിന് വേദിയാവും. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, മറ്റുള്ളവര്‍ക്ക് തടസ്സമാകുന്ന തരത്തില്‍ റോഡുകളില്‍ സംഘടിക്കാതിരിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, അമിതവേഗതയില്‍ വാഹനമോടിക്കാതിരിക്കുകയും ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക, കുട്ടികളെ പാതയോരങ്ങളില്‍ ഒറ്റക്ക് നിര്‍ത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.