
അബുദാബി: യുഎഇയിലേക്കുള്ള അതിവേഗ യാത്രാ ട്രെയിന്‍ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണ ഓട്ടം ഏപ്രിലില്‍ ഫ്രാന്‍സില്‍ നടക്കും. ഫ്രാന്‍സിലെ തുളൂസില്‍ 320 മീറ്റര്‍ നീളത്തില്‍ സജ്ജമാക്കിയ ട്രാക്കിലാണ് പരിശീലനയോട്ടം നടത്തുക. വാക്വം ടൂബ് ട്രാക്കിലോടുന്ന ഹൈപ്പര്‍ലൂപ്പിന്റെ വേഗം മണിക്കൂറില്‍ 1230 കിലോമീറ്ററായിരിക്കും. രാജ്യാന്തര സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സുരക്ഷാ സൗകര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം ഏപ്രിലില്‍ പരിശീലനയോട്ടം നടത്താനാണ് പദ്ധതിയെന്ന് ഹൈപ്പര്‍ലൂപ്പ് ടിടി ചെയര്‍മാനും സഹ സ്ഥാപകനുമായ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു.
മിനിറ്റുകള്‍ക്കകം ലക്ഷ്യസ്ഥാനത്തെത്തുന്ന ഹൈപ്പര്‍ലൂപ്പ് സേവനം ലോകത്ത് ആദ്യമായി യുഎഇയിലായിരിക്കും ആരംഭിക്കുക. ഇതോടെ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ ദൈര്‍ഘ്യം നിമിഷങ്ങളായി കുറയും. ദുബായില്‍നിന്ന് അബുദാബിയിലെത്താന്‍ കാറില്‍ ഒന്നര മണിക്കൂര്‍ എടുത്തിരുന്നതെങ്കില്‍ ഹൈപ്പര്‍ലൂപ്പില്‍ 12 മിനിറ്റു മതി. എക്സ്പോ 2020യിലെ ഫ്യൂച്ചര്‍ മൊബിലിറ്റി എക്സിബിഷനില്‍ ഹൈപ്പര്‍ലൂപ്പ് പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്.
തുടക്കത്തില്‍ ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ലൂപ്പിലൂടെ യാത്രക്കാരെയും ചരക്കും കൊണ്ടുപോകും. പിന്നീട് ഫുജൈറ മുതല്‍ അബുദാബി വരെ ഹൈപ്പര്‍ലൂപ്പിലൂടെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഹൈപ്പര്‍ലൂപിന് മണിക്കൂറില്‍ ഏകദേശം 3400 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകുമെന്നു കണക്കുകൂട്ടുന്നത്. ദിവസേന 1.28 ലക്ഷം പേരെയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.