Currency

കുവൈത്തില്‍ സ്വദേശികളുടെ തൊഴില്‍ ക്ഷാമം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍Saturday, March 2, 2019 1:35 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനയുള്ളതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമ്പോഴാണ് തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനയുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക, സ്വകാര്യ മേഖലയില്‍ സ്വദേശി ബിരുദധാരികള്‍ക്കു സംവരണം ഏര്‍പ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു സ്വദേശി യുവാക്കളെ ആകര്‍ഷിക്കുകയും ആവശ്യമായ പ്രോത്സാഹനവും സഹായവും നല്‍കുകയും ചെയ്യുക തുടങ്ങിയ പദ്ധതികളാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അധികൃതര്‍ ആവിഷ്‌കരിച്ചത്.

മാനവശേഷി വകുപ്പ് പുറത്തു വിട്ട സ്ഥിതി വിവരക്കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം മാത്രം 6829 സ്വദേശി ചെറുപ്പക്കാരാണ് സര്‍ക്കാര്‍ മേഖലയില്‍ മാത്രം പുതുതായി നിയമിക്കപ്പെട്ടത്. മൊത്തം തൊഴിലന്വേഷകരുടെ 46 ശതമാനം സ്വകാര്യമേഖലയില്‍ ജോലി നേടിയിട്ടുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ കാത്തിരിക്കുന്ന സ്വദേശികളില്‍ 16105 പേര്‍ക്ക് ഇനിയും തൊഴില്‍ കണ്ടെത്തേണ്ടതായുണ്ട്. അതേസമയം സ്വയം തൊഴില്‍ സംരഭങ്ങളിലേക്കു ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതായും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x