Currency

സൗദിയില്‍ തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Sunday, March 3, 2019 11:36 am

റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഓണ്‍ലൈന്‍ വഴിയാണ് കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകള്‍ക്ക് അവസരമൊരുക്കും.

ഒന്നുമുതല്‍ അമ്പതുവരെ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാം പാദം മുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പഴയ തൊഴിലാളികളുടെ കരാറുകള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടക്കത്തില്‍ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

എന്നാല്‍ ഈ വര്‍ഷാവസാനത്തിനു മുന്‍പായി മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പതിനേഴു ലക്ഷത്തിലേറെ സ്വദേശികളും 85 ലക്ഷത്തോളം വിദേശികളും ജോലിചെയ്യുന്നതായാണ് കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x