
ജിദ്ദ: റസ്റ്റോറന്റുകളിലും കഫേകളിലും തൊഴില്‍ ചെയ്യുന്ന സ്വദേശികളുടെ അനുപാതം മുപ്പത് ശതമാനമായി ഉയര്‍ത്താനൊരുങ്ങി സൗദി. ഇതിനായി തൊഴില്‍ സാമുഹിക വികസന മന്ത്രാലയവും റസ്റ്റോറന്റ്സ് ആന്റ് കോഫി ഷോപ്പ് അസ്സോസിയേഷനും മാനവ വിഭവ വികസന ഫണ്ടും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം. ഒപ്പം ഈ മേഖലയിലെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന വിവധ പദ്ധതികളും രൂപപ്പെടുത്തും. നിലവില്‍ ആയിരത്തോളം (1,156) സ്ത്രീകളുള്‍പ്പെടെ 36,542 സൗദികളാണ് വിവിധ റസ്റ്റോറന്റുകളിലായി ജോലി ചെയ്യുന്നത്. ഇത് ഈ മേഖലയിലെ ആകെ തൊഴിലാളികളുടെ 13 ശതമാനം മാത്രമാണ്. എന്നാല്‍ 3500ഓളം (3588) സ്ത്രീകളുള്‍പ്പെടെ മൂന്ന് ലക്ഷത്തോളം വിദേശികള്‍ (2,89,491) ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം പുതിയ കോഫി ഷോപ്പുകള്‍ക്കായി 6272 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ അനുവദിച്ചിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം കൂടുതലാണ്. ഈയിടെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സംഗീത കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതും ഈ മേഖലയിലെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.