
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ ലംഘകരെയും സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ച ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബിലും ഫഹാഹീല്‍ വ്യവസായ മേഖലയിലും ഒരേ സമയത്ത് നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 459 പേര് പിടിയിലായി.
മതിയായ താമസരേഖകളില്ലാത്ത 130 പേര്, സ്പോണ്സര് മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീര്‍ന്നവരുമടക്കം 51 പേര്, ഒളിച്ചോട്ടത്തിന് കേസുള്ള 26 പേര്, മദ്യലഹരിയിലായിരുന്ന 15 പേര്, വിവിധ സിവില്‍ കേസുകളില്‍ പ്രതികളായ10 പേര്, അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്.
സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 164 നിയമലംഘനങ്ങള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്നു ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. നിയമലംഘകര്‍ക്കും കുറ്റവാളികള്‍ക്കും അഭയം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.