Currency

സൗദി അല്‍ ഹറമൈന്‍ മെട്രോ ആയിരം സര്‍വീസുകള്‍ പൂര്‍ത്തിയാക്കി

സ്വന്തം ലേഖകന്‍Tuesday, May 7, 2019 12:30 pm

റിയാദ്: സൗദിയിലെ മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ റെയില്‍വേ പദ്ധതി ആയിരം സര്‍വ്വീസുകള്‍ പൂര്‍ത്തിയാക്കി. ട്രെയിനില്‍ നാല് ലക്ഷത്തോളം പേര്‍ ഇത് വരെ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അല്‍ ഹറമൈന്‍ അതിവേഗ റെയില്‍വേ പദ്ധതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചത്. തൊട്ടടുത്ത മാസം തന്നെ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു.

മക്ക-മദീന നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ പദ്ധതിക്ക് വന്‍ ജനസ്വീകാര്യതാണ് തുടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നത്. മക്കയില്‍ നിന്നും മദീനയില്‍ നിന്നും തുടക്കത്തില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ ദിനം പ്രതി രണ്ട് സര്‍വ്വീസുകളാണുണ്ടായിരുന്നത്. ക്രമേണ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

നിലവില്‍ ആഴ്ചയില്‍ 40 സര്‍വ്വീസുകളാണുള്ളത്. എന്നാല്‍ റമദാനില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകളുടെ എണ്ണം 56 ആക്കി ഉയര്‍ത്തുമെന്ന് സൗദി റെയില്‍വേ കമ്പനി അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x