Currency

പ്രവാസികളുടെ പണത്തിന് നികുതി; ആവശ്യം ശക്തമാക്കി കുവൈത്ത് എംപിമാര്‍

സ്വന്തം ലേഖകന്‍Tuesday, May 14, 2019 12:23 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി എം.പിമാര്‍. ഇക്കാര്യം അടിയന്തരമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഏഴ് എം.പിമാര്‍ കത്തുനല്‍കി. നേരത്തെ ചര്‍ച്ച ജൂണിലേക്ക് മാറ്റിവെച്ചിരുന്നു. ഇതിനെതിരെയാണ് എംപിമാരുടെ നീക്കം.

420 കോടി ദിനാറാണ് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് നിന്ന് പുറത്തേക്ക് അയച്ചതെന്നും അതുകൊണ്ട് രാജ്യത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും പാര്‍ലമെന്റ് അംഗമായ സഫ അല്‍ ഹാശിം പറഞ്ഞു. ഓരോ വര്‍ഷവും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. 1900 കോടി റിയാല്‍ അഞ്ച് വര്‍ഷത്തിനിടെ അയച്ചിട്ടുണ്ട്. ഇതിന് നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ സര്‍ക്കാറിന് പുതിയൊരു വരുമാന മാര്‍ഗമായി മാറുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നേരത്തെ പാര്‍ലമെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയാണ് നികുതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ഇപ്പോള്‍ ഇത് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് ഈ സെഷനില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ജൂണിലേക്ക് മാറ്റുകയായിരുന്നു. ഇത്തരമൊരു നികുതി നിര്‍ദേശത്തോട് സര്‍ക്കാറിനും കേന്ദ്ര ബാങ്കിനും നിയമ മന്ത്രാലയത്തിനും താല്‍പര്യമില്ല. ഈ സഹാചര്യത്തില്‍ നികുതി നിര്‍ദേശം നടപ്പാവില്ലെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഉടന്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം എംപിമാര്‍ രംഗത്തെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x