
കുവൈത്ത് സിറ്റി: വിദേശികളായ 4,000 എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അംഗീകാരം നല്‍കാതെ തിരിച്ചയച്ചതായി കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റി. താമസാനുമതി രേഖ(ഇഖാമ) പുതുക്കുന്നതിനു വിദേശി എന്‍ജീനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ അംഗീകാരം നേടണമെന്നാണു നിയമം. ഇതിനായി സമര്‍പ്പിച്ച 34,000 സര്‍ട്ടിഫിക്കറ്റുകളില്‍ നിശ്ചിത മാനദണ്ഡം പാലിക്കാത്തവയാണു മടക്കിയത്. ഓരോ രാജ്യത്തും കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റേഷന്‍ അതോറിറ്റിയുടെ അനുമതിയുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമേ സൊസൈറ്റി അംഗീകരിക്കൂ.
ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍(എന്‍ബിഎ) ആണ് അംഗീകരിക്കപ്പെട്ട സംവിധാനം. സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കുന്ന പഠന കാലത്ത് എന്‍ബിഎയില്‍ അക്രഡിറ്റേഷന്‍ സമ്പാദിച്ച എന്‍ജിനീയറിങ് കോളജും കോഴ്‌സും മാത്രമാണു കുവൈത്ത് അംഗീകരിക്കുക. ഇന്ത്യയിലെ പല കോളജുകളും എന്‍ബിഎ അക്രഡിറ്റേഷന്‍ ഉള്ളവ അല്ല എന്നതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ കുവൈത്തില്‍ എത്തി ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ പലര്‍ക്കും എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാത്ത അവസ്ഥയുണ്ട്.
നിരസിക്കപ്പെട്ട 4000 സര്‍ട്ടിഫിക്കറ്റുകളില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടുമെന്നാണു സൂചന. അതത് രാജ്യങ്ങളിലെ അംഗീകൃത സംവിധാനങ്ങള്‍ അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.