
അബുദാബി: ഗതാഗത നിയമ ലംഘനത്തിനു പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അബുദാബി പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. വാഹനങ്ങള്‍ പിടിച്ചെടുത്തു പൊലീസിന് കീഴിലുള്ള സ്ഥലത്തു സൂക്ഷിക്കുന്നതിന് പകരം സ്മാര്‍ട് ലോക്ക് ചെയ്ത് വ്യക്തിയുടെ ഉമടസ്ഥതയില്‍ തന്നെ സൂക്ഷിക്കുന്നതാണു പുതിയ സംവിധാനം.
ജിപിഎസുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രാക്കര്‍ വാഹനത്തില്‍ സ്ഥാപിച്ചാണ് പൊലീസ് നിരീക്ഷിക്കുക. ഇങ്ങനെ സ്മാര്‍ട്ട് ലോക്ക് സ്ഥാപിച്ച വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയോ നിശ്ചിത ദൂരത്തിലധികം ഓടിക്കുകയോ ചെയ്താല്‍ പൊലീസിന് വിവരം ലഭിക്കും. 50 മീറ്ററിനപ്പുറത്തേക്ക് നീങ്ങിയാല്‍ നിയമ ലംഘനമായി കണക്കാക്കും. സ്മാര്‍ട്ട് ലോക്ക് ഇളക്കാന്‍ ശ്രമിച്ചാലും പിടിവീഴും.
നിലവില്‍ നിയമ ലംഘനത്തിനു പിഴയും ബ്ലാക് പോയിന്റിനും പുറമേ നിശ്ചിത കാലത്തേക്കു കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. കാലങ്ങളോളം വെയിലും തണുപ്പും പൊടിയുമേറ്റ് ശിക്ഷാ കാലാവധി കഴിയുമ്പോഴേക്കു വാഹനം കേടാകും. ഇതൊഴിവാക്കാനാണു സ്മാര്‍ട്ട് ലോക് ഘടിപ്പിച്ച് ഉടമകളുടെ പാര്‍ക്കിങില്‍ തന്നെ നിര്‍ത്തിയിടുന്ന സംവിധാനത്തിന് തുടക്കം കുറിക്കുന്നത്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് വാഹനം 24 മണിക്കൂറും പൊലീസ് നിരീക്ഷിക്കും. നിയമ ലംഘനത്തിന്റെ തോതനുസരിച്ചാണ് ശിക്ഷാ കാലാവധി തീരുമാനിക്കുക. കാലാവധിക്കു മുന്‍പ് വാഹനം പുറത്തിറക്കിയാല്‍ ശിക്ഷ ഇരട്ടിയാകും. മൂന്നാമതും നിയമം ലംഘിച്ചാല്‍ നമ്പര്‍ പ്ലേറ്റ് എടുത്തു മാറ്റുന്നതുള്‍പെടെ കടുത്ത ശിക്ഷയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.