Currency

ഉംറ തീര്‍ഥാടകരുടെ കണക്ക് പുറത്ത് വിട്ട് സൗദി

സ്വന്തം ലേഖകന്‍Monday, June 3, 2019 5:18 pm

റിയാദ്: കഴിഞ്ഞ എട്ടു മാസത്തിനിടക്ക് എഴുപത്തി അഞ്ചര ലക്ഷം ഉംറ വിസകള്‍ ഇഷ്യൂ ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 72 ലക്ഷം തീര്‍ത്ഥാടകരും രാജ്യത്തു എത്തിയതായാണ് കണക്കുകള്‍. ആറു ലക്ഷത്തോളം ഉംറ വിസകളാണ് ഇന്ത്യയിലേക്ക് ഇതുവരെ ഇഷ്യൂ ചെയ്തത്. പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറ തീര്‍ത്ഥാടകര്‍ എത്തുന്നത്.

പുതിയ ഹിജ്റ വര്‍ഷാരംഭം മുതല്‍ ഇതുവരെയുള്ള കണക്കുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. 10,56,000 തീര്‍ത്ഥാടകരാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളത്. ഇവരില്‍ 7,32,000 ത്തോളം പേര്‍ മക്കയിലും 3,24,000 ത്തോളം പേര്‍ മദീനയിലുമാണുള്ളത്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് പാക്കിസ്താനില്‍ നിന്നാണ്. 15,90,700 പേര്‍. രണ്ടാം സ്ഥാനം 9,46,900 തീര്‍ഥാടകരെത്തിയ ഇന്തോനേഷ്യയാണ്. ഇന്ത്യയാണ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. 6,43,500 ഓളം പേരാണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഉംറക്കെത്തിയത്.

63 ലക്ഷത്തോളം തീര്‍ത്ഥാടകരും വിശുദ്ധഭൂമിയിലെത്തിയത് വിമാനമാര്‍ഗമാണ്. 6,96,000 പേര്‍ കരമാര്‍ഗവും 1,19,000 പേര്‍ കടല്‍ മാര്‍ഗവും ഉംറക്കെത്തി. ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനമാണ് നല്‍കികൊണ്ടിരിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x