Currency

അബുദാബിയിലും സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് വരുന്നു

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:30 pm

അബുദാബി: നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ച് ലൈസന്‍സ് നല്‍കുന്ന സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് അബുദാബിയിലും ആരംഭിക്കുന്നു. സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് വാഹനം അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ പരിശോധിച്ചു. വീല്‍, ബ്രേക്ക്, എന്‍ജിന്‍ തുടങ്ങി വാഹനത്തിനകത്തും പുറത്തും സെന്‍സര്‍ ഘടിപ്പിച്ചാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാഹനം സ്മാര്‍ട് മുറികളിലിരുന്ന് ഇരുന്നാണു നിരീക്ഷിക്കുക. വാഹനം ഓടിക്കുന്നയാള്‍ വിവിധ സന്ദര്‍ങ്ങളില്‍ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി വിലയിരുത്തും. പിഴവുകള്‍ സ്മാര്‍ട് സംവിധാനം സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കില്‍ പിന്നീട് ഇത് പരിശോധിച്ച് തെറ്റ് മനസിലാക്കാനും അവസരമുണ്ട്. അര്‍ഹര്‍ക്ക് ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുകയും ചെയ്യും.

സംവിധാനം വ്യാപകമാകുന്നതോടെ പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം കുറയ്ക്കാനാകും. ആദ്യഘട്ടത്തില്‍ അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളിലാണ് സ്മാര്‍ട് പരീക്ഷ നടത്തുക. 32 സ്മാര്‍ട് വാഹനങ്ങളാണ് ഇതിനായി ഇറക്കിയിരിക്കുന്നത്. ഇതില്‍ 19 എണ്ണം സ്വതന്ത്രമായി ടെസ്റ്റ് നടത്താന്‍ ശേഷിയുള്ളവയാണ്. ബസ് ഡ്രൈവിങ് പരീക്ഷയ്ക്കായി 28 സ്മാര്‍ട് ബസുകളും വൈകാതെ എത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x