Currency

വിദേശികള്‍ക്ക് തൊഴില്‍ യോഗ്യതാ പരീക്ഷ 3 പ്രാവശ്യം എഴുതാം

സ്വന്തം ലേഖകന്‍Sunday, June 16, 2019 12:31 pm

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തുന്ന തൊഴില്‍ യോഗ്യതാ പരീക്ഷ 3 തവണവരെ എഴുതാമെന്നു സാമ്പത്തികകാര്യമന്ത്രി മറിയം അല്‍ അഖീല്‍. ആദ്യതവണ പരാജയപ്പെടുന്നവര്‍ക്ക് കൃത്യമായ പരിശീലന സമയത്തിന് ശേഷം രണ്ട് തവണകൂടി പരീക്ഷയ്ക്ക് സൗകര്യം നല്‍കും. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും വീസക്കച്ചവടവും കുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദേശ തൊഴിലാളികള്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് കുവൈത്തില്‍ തൊഴില്‍ യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനം.

സ്വകാര്യമേഖലയിലെ 80 തസ്തികകളില്‍ പരീക്ഷ ബാധകമായിരിക്കും. ആദ്യഘട്ടത്തില്‍ 20 തസ്തികകളിലാണ് പരീക്ഷ ബാധകമാക്കുക. ചില തസ്തികകളില്‍ എഴുത്തുപരീക്ഷയും മറ്റു ചിലതില്‍ പ്രാക്ടിക്കല്‍ പരീക്ഷയുമായിരിക്കും. മാന്‍പവര്‍ അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് ബെനഫിറ്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷ നടപ്പാക്കുക.

പരീക്ഷയുടെ നടത്തിപ്പ് ചുമതല മാന്‍ പവര്‍ അതോറിറ്റിക്കായിരിക്കും. അതേസമയം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 4914 സ്വദേശികള്‍ തൊഴില്‍ കാത്തിരിക്കുന്നതായി മറിയം അല്‍ അഖീല്‍ പറഞ്ഞു. സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് സിസ്റ്റം റജിസ്റ്ററിലെ മേയ് മാസംവരെയുള്ള കണക്കനുസരിച്ചാണ് ഈ വിവരം. 2645 പുരുഷന്മാരും 2269 വനിതകളുമാണ് തൊഴില്‍ കാത്തിരിക്കുന്നവര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x