Currency

കുവൈത്തില്‍ തെരുവുകളില്‍ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Friday, June 21, 2019 3:02 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരുവുകളില്‍ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുനിസിപ്പാലിറ്റി. ജലീബ് അല്‍ ശുയൂഖിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മുപ്പതു പേര്‍ക്കു പിഴ ചുമത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ജലീബ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

മനുഷ്യോപയോഗത്തിന് പറ്റാത്ത വിധം പഴകിയ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് തെരുവുകച്ചവടക്കാര്‍ കൂടുതലും വില്‍പ്പനക്ക് വെക്കുന്നതെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. ചെറിയ ഉന്തുവണ്ടികളിലും കടത്തിണ്ണകളിലും വെറും നിലത്തുമാണ് പലരും കച്ചവടം ചെയ്യുന്നത്. രാത്രികളില്‍ കച്ചവടം ചെയ്യാന്‍ വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതായിട്ടും മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കടകളില്‍ നിന്നുള്ള മാലിന്യം റോഡുകളില്‍ തള്ളുന്നതിനെതിരെയും മുനിസിപ്പാലിറ്റി ശക്താമായി താക്കീത് നല്‍കി. മാര്‍ക്കറ്റ് പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടി വരികയാണ്. ശുചിത്വ വകുപ്പിന് കീഴില്‍ പരിസര പ്രദേശങ്ങള്‍ വൃത്തയാക്കുന്നതിനു അടിയന്തിര നടപടികളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x