
അബുദാബി: ചാര്‍ട്ടര്‍ സ്കൂള്‍സ് എന്ന പേരില്‍ പുതിയ പാഠ്യപദ്ധതിക്ക് അബുദാബി രൂപം നല്കി. എജ്യുക്കേഷന്‍ പാട്ണര്‍ഷിപ്പ് സ്കൂള്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തുടക്കത്തില്‍ അബുദാബിയിലും അല്‍ഐനിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12 സ്കൂളുകളിലാണ് നടപ്പാക്കുക. സ്വദേശികള്‍ക്കു പ്രവേശനമുള്ള സ്കൂളില്‍ ഫീസില്ല. ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവും ശേഷിയും അനുസരിച്ച് വ്യത്യസ്ത പാഠ്യപദ്ധതിയായിരിക്കും നല്‍കുക. സ്വകാര്യവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെപ്പെടുത്തും.
എമിറേറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ഗദാന്‍ 21 പദ്ധതിയുടെ ഭാഗമായാണ് വിദ്യാഭ്യാസ രംഗത്തും പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ 12 ചാര്‍ട്ടര്‍ സ്കൂളിലായി 5,000 സീറ്റുകളുണ്ടാകും. ഇതില്‍ 9 സ്കൂളുകള്‍ അബുദാബിയിലും 3 എണ്ണം അല്‍ഐനിലും ആയിരിക്കും. കിന്റഗാര്ട്ടന്, എലമെന്ററി വിഭാഗത്തിലായിരിക്കും ഈ വര്‍ഷം പ്രവേശനം.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലാസുകളിലേക്കു വ്യാപിപ്പിക്കുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്) ചെയര്‍പഴ്സണ്‍ സാറ മുസല്ലം പറഞ്ഞു. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പുതുതായി സ്കൂളില്‍ ചേരുന്നവരെ മാത്രമേ ചാര്‍ട്ടര്‍ സ്കൂളിലേക്ക് പരിഗണിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.