Currency

സമ്മാനത്തട്ടിപ്പ്: ഈ വര്‍ഷം പിടിയിലായത് 80 പേര്‍; ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലീസ്

സ്വന്തം ലേഖകന്‍Tuesday, June 25, 2019 7:33 pm

അബൂദബി: സമ്മാനത്തട്ടിപ്പ് കേസില്‍ ആറ് മാസത്തിനകം അബൂദബി പൊലീസ് അറസ്റ്റ് ചെയ്തത് 80 പേരെ. ആളുകളെ ഫോണില്‍ വിളിച്ച് കപട വാഗ്ദാനം നല്‍കി വന്‍ തുക തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. തട്ടിപ്പിലൂടെ കവര്‍ന്ന പണം ഇരകള്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ സാധിച്ചതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളും പിന്‍ നമ്പറുകളും മനസ്സിലാക്കിയാണ് പ്രതികളില്‍ ഒരു വിഭാഗം തട്ടിപ്പ് നടത്തിയിരുന്നത്.

മറ്റൊരു വിഭാഗം വലിയ കമ്പനികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് കമ്പനിയുടെ സമ്മാനം നേടിയിട്ടുണ്ടെന്ന് ഇരകളോട് കള്ളം പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അന്യരുമായി പങ്കുവെക്കരുതെന്നും അപരിചിതരുടെ ഫോണ്‍വിളികള്‍ക്ക് ചെവി കൊടുക്കരുതെന്നും സംശയകരമായ സന്ദേശങ്ങളെ അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു. സംശയകരമായ ഫോണ്‍കോള്‍ വന്നാല്‍ ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കണം. അപരിചതമായ ഫോണ്‍വിളികളും സന്ദേശങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x