
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. ഗാര്‍ഹിക മേഖലയില്‍ നിന്ന് ആവര്‍ത്തിച്ചു വരുന്ന പരാതികളുടെ പശ്ചാത്തലത്തില്‍ മാന്‍ പവര്‍ അതോറിറ്റിയാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്.
മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്‍കാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സ്‌പോണ്‍സര്‍ക്കെതിരെ ഏഴും എട്ടും തവണ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത്തരക്കാര്‍ വീണ്ടും തൊഴിലാളികളെ കൊണ്ട് വരന്‍ അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് ബ്ലാക് ലിസ്റ്റ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്.
നിരവധി തവണ തൊഴിലാളികളില്‍ നിന്ന് പരാതി ലഭിക്കുന്ന സ്‌പോണ്‍സര്‍മാരെയും റിക്രൂട്‌മെന്റ് ഓഫീസുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്‌മെന്റ് അനുമതി നിഷേധിക്കാനാണ് അതോറിറ്റി നീക്കം നടത്തുന്നത്. സ്വാകാര്യ തൊഴില്‍ മേഖലയില്‍ നിലവില്‍ ബ്ലാക്ക് ലിസ്റ്റിങ് സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച് റിക്രൂട്‌മെന്റ് വിളക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തു വരുന്നത്. സമാന സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.