Currency

അതിവേഗ ലൈസന്‍സ് സേവനങ്ങള്‍ക്കൊരുങ്ങി അബൂദബി

സ്വന്തം ലേഖകന്‍Sunday, July 14, 2019 1:16 pm

അബൂദബി: അബൂദബി ഡിജിറ്റല്‍ അതോറിറ്റിയുമായി സഹകരിച്ച് അബൂദബി ഊര്‍ജ വകുപ്പ് അതിവേഗ ലൈസന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും. എമിറേറ്റിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ‘ടാം’ കേന്ദ്രങ്ങള്‍ മുഖേനയാണ് നടപ്പാക്കുക. ജല ഉല്‍പാദനം, സംസ്‌കരണം, ജലത്തില്‍നിന്ന് ഉപ്പ് വേര്‍തിരിക്കല്‍, വൈദ്യുതി ഉല്‍പാദനം, മലിനജല സംഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് അനുവദിക്കുക.

അബൂദബിയിലെ യോഗ്യമായ ബിസിനസുകള്‍ക്ക് രണ്ട് വര്‍ഷത്തെ സൗജന്യ ലൈസന്‍സ് ഒരു പ്രവൃത്തി ദിവസം കൊണ്ട് അനുവദിക്കുമെന്ന്ഊര്‍ജ വകുപ്പ് ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ചെറുകിട ഊര്‍ജ സ്ഥാപനങ്ങള്‍ക്ക് വേഗത്തിലുള്ളതും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമാക്കുന്നത്.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ ബിസിനസ് രംഗം ശാക്തീകരിക്കാനും നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് പുതിയ നീക്കവുമുണ്ടായിരിക്കുന്നത്. 13 മേഖലകളില്‍ സമ്പൂര്‍ണ വിദേശ ഉടമാവകാശം അനുവദിച്ച് ഈയിടെയാണ് യു.എ.ഇ മന്ത്രിസഭ ഉത്തരവിട്ടത്.

1500ഓളം ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തത് ഇതിന് പിന്നാലെയാണ്. നിക്ഷേപകരെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്നതിന് വേണ്ടി വിസ നിയമത്തിലും വിവിധ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x