Currency

യുഎഇയില്‍ കുട്ടികള്‍ക്കുള്ള സൗജന്യവിസ പ്രാബല്യത്തില്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ലേഖകന്‍Monday, July 15, 2019 2:56 pm

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്നു മുതല്‍ സൗജന്യ വിസ അനുവദിക്കും. അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, യുഎഇയിലെ വിമാന കമ്പനികള്‍, ഹോട്ടലുകള്‍ തുടങ്ങിയവ വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാനാവുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഐ.സി.എ.ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും www.ica.gov.ae എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാനാവും.

വിമാന കമ്പനികളില്‍ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ എന്നിവ വഴിയാണ് വിസയ്ക്ക് അപേക്ഷ നല്‍കാനാവുക. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം. വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പദ്ധതി. ഹോട്ടലുകള്‍ വഴി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അവിടുത്തെ റിസര്‍വേഷന്‍ സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്‌കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x