
അബൂദബി: സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച പ്രവാസിക്ക് 10 വര്‍ഷം തടവും 20 ലക്ഷം ദിര്‍ഹം പിഴയും. അബൂദബി അപ്പീല്‍ കോടതിയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഫിലിപ്പിന്‍സില്‍ നിന്നുള്ള 30കാരനാണ് ശിക്ഷ ലഭിച്ചത്. തടവുശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാലുടന്‍ ഇയാളെ നാടുകടത്താന്‍ വിധിയുണ്ട്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍, ഫോണുകള്‍ എന്നിവയെല്ലാം കണ്ടുകെട്ടുവാനും ശിക്ഷാര്‍ഹമായ വിവരങ്ങളും ആശയങ്ങളും വെബ്‌സൈറ്റും നീക്കം ചെയ്യുവാനും കോടതി ഉത്തരവിട്ടു. ഭീകരസംഘടനയില്‍ ചേരാന്‍ വിവിധ സമൂഹ മാധ്യമങ്ങള്‍ വഴി ഇയാള്‍ ജനങ്ങളെ ക്ഷണിച്ചതായും തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ അന്വേഷണം വേണ്ടവിധമല്ല നടന്നതെന്ന് പ്രതിക്കു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ വാദിച്ചു. തന്റെ കക്ഷിക്ക് ചെയ്യാനാവുന്നതിനപ്പുറമുള്ള കുറ്റങ്ങളാണ് ആരോപിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പക്ഷം. അതേസമയം ഈ വാദങ്ങള്‍ തള്ളിയ കോടതി കോടതി ചെലവുകളും പ്രതി വഹിക്കണമെന്ന് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.