Currency

അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രജിസ്ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി സൗദി

സ്വന്തം ലേഖകന്‍Friday, August 2, 2019 12:02 pm

റിയാദ്: സൗദിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രജിസ്ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സ്മെന്റിന് കീഴിലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. മുഹറം ഒന്ന് അഥവാ ആഗസ്റ്റ് മുപ്പത്തിയൊന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകും. അക്കൗണ്ട് തസ്തികയിലുള്ളവര്‍ക്ക് പുതിയ വര്‍ക് പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനും പ്രഫഷന്‍ മാറ്റുന്നതിനും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ താമസ രേഖയും തൊഴില്‍ പെര്‍മിറ്റും മുഹറം ഒന്ന് മുതല്‍ പുതുക്കി നല്‍കില്ല.

ഈ മേഖലയില്‍ സൗദിവല്‍ക്കരണം ഉയര്‍ത്തുന്നതിനും സ്വദേശികളുടെ വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. അക്കൗണ്ടിംഗ് മേഖലയില്‍ ഇരുപതിനായിരം ജോലികള്‍ രണ്ടായിരത്തി ഇരുപത്തിരണ്ടോടെ സൗദി വല്‍ക്കരിക്കുന്നതിന് നേരത്തെ ധാരണയിലെത്തിയിരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍്ട്ടിഫൈഡ് പബ്ലിക് അകൗണ്ട്സും, മാനവ ശേഷി വികസന നിധിയും, തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും ചേര്‍ന്നാണ് കരാര്‍ ഒപ്പ് വെച്ചിരുന്നത്.

രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്നതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയവരും മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്നവരും പിടിയിലാകും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനും പുതിയ നിബന്ധന സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x